ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ - പ്രധാന വസ്തുതകൾ 


പി.എസ്‌.സി.10th, +2, ഡിഗ്രി ലെവല്‍ പരീക്ഷകൾക്കെല്ലാം ഒരുപോലെ ആവശ്യമുള്ളതാണ് ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ. ഇവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകൾ. 
PSC 10th,+2, Degree Level Exam Coaching
ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണത്തിനും നയങ്ങള്‍ക്കുമെതിരെ വിവിധ പ്രദേശങ്ങളില്‍ ചെറുതും വലുതുമായ നിരവധി ലഹളകളും കലാപങ്ങളും അരങ്ങേറിയിട്ടുണ്ട്‌. ദേശീയ തലത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ ഊര്‍ജം പകര്‍ന്നത്‌ ഇത്തരം ചെറുത്തു നില്‍പ്പുകളായിരുന്നു. പത്താം ക്ലാസ്സിലെ ബ്രിട്ടീഷ് ചൂഷണവും ചെറുത്ത് നിൽപ്പും എന്ന പാഠഭാഗത്തിന് ഒരു അനുബന്ധമായി ഈ ലേഖനം ഉപയോഗിക്കാം
* കര്‍ഷക കലാപങ്ങള്‍ 
കര്‍ഷകരാണ്‌ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യകാല ചെറുത്തുനില്‍പ്പുകളില്‍ മുഖ്യപങ്കു വഹിച്ചത്‌. ബ്രിട്ടീഷുകാരുടെ പുതിയ ഭൂനികുതി വ്യവസ്ഥകളും അവരുടെ പിന്തുണയോടെ ജമീന്ദാര്‍മാരും തോട്ടമുടമകളും ഹുണ്ടികക്കാരും നടത്തിയ ചൂഷണവുമാണ്‌ കര്‍ഷക കലാപങ്ങള്‍ക്ക്‌ കാരണമായത്‌. പല കര്‍ഷക
കലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയത്‌ മതനേതാക്കൾ ആയിരുന്നതിനാല്‍ മതപരമായ ഒരു പരിവേഷവും കര്‍ഷകകലാപങ്ങള്‍ക്ക്‌ ഉണ്ടായിരുന്നു.

1. സന്ന്യാസി ലഹള 
- ബംഗാളിലെ നാടോടികളായ ഭിക്ഷുക്കളായിരുന്ന സന്ന്യാസിമാര്‍ 1763-1800 കാലയളവിലാണ്‌ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയത്‌. മുന്‍പ്‌ കാര്‍ഷിക വൃത്തി ചെയ്ത്‌ ജീവിച്ചിരുന്ന സന്ന്യാസിമാര്‍, അവരുടെ ഭൂമികളില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ടതോടെ ഭിക്ഷാടകരായി മാറുകയായിരുന്നു. പുണ്യസ്ഥലങ്ങള്‍
സന്ദര്‍ശിക്കുന്നതില്‍ ബ്രിട്ടിഷുകാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ്‌ സന്ന്യാസി കലാപം പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്നുണ്ടായ കാരണം. 1763 ല്‍ വടക്കന്‍ ബംഗാളിലാണ്‌ കലാപം ആരംഭിച്ചത്‌.
ബ്രിട്ടീഷ്‌ ഭരണത്തിന്റെ ഫലമായി ഭൂമിയും ഉദ്യോഗവും കിടപ്പാടവും നഷ്ടപ്പെട്ട കര്‍ഷകര്‍ ഉള്‍പ്പെടുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിച്ചായിരുന്നു ഈ കലാപം. രംഗപൂര്‍, ധാക്ക, ബോഗ്ര, മിമന്‍സിങ്‌ എന്നിവയായിരുന്നു സന്ന്യാസികലാപത്തിന്റെ പ്രധാന വേദികള്‍. സന്ന്യാസികലാപം അടിച്ചമര്‍ത്താന്‍ ദീര്‍ഘകാലത്തെ സൈനിക നടപടികള്‍ ബ്രിട്ടീഷുകാര്‍ക്ക്‌ വേണ്ടിവന്നു.

2. കലാപത്തിന്റെ കഥപറഞ്ഞ ആനന്ദമഠം
- ബംഗാളിലെ സന്ന്യാസി കലാപം പ്രമേയമാക്കിയുള്ള ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ കൃതിയാണ്‌ “ആനന്ദമഠം". ഇന്ത്യന്‍ നാട്ടുഭാഷയില്‍ എഴുതപ്പെട്ട ആദ്യത്തെ നോവലാണ്‌ ഈ ബംഗാളി കൃതി. 1881 ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന്റെ ഇതിവൃത്തം ശത്രുക്കള്‍ക്കെതിരെ പോരാടിയ ആനന്ദന്‍മാര്‍ എന്നറിയപ്പെടുന്ന കാളിദേവിയുടെ പോരാളികളുടെ കഥയാണ്‌. ആനന്ദന്‍മാര്‍ ശത്രുക്കള്‍ക്കെതിരെ മുന്നേറുമ്പോള്‍ വിളിച്ചിരുന്നമുദ്രാവാക്യമാണ്‌ “വന്ദേമാതരം”.

3. ഫക്കിര്‍മാരുടെ പോരാട്ടം
- മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട ബംഗാളിലെ ഫക്കിര്‍മാര്‍ 1776-77 ലാണ്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം നടത്തിയത്‌. സന്ന്യാസിമാരെപ്പോലെ ഭിക്ഷാടനം ജീവിതമാര്‍ഗമാക്കിയിരുന്ന ഫക്കിര്‍മാരില്‍ ഭൂരിഭാഗവും കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകരായിരുന്നു. ബംഗാളിലും ബിഹാറിലുമായി നാടോടിജീവിതം നയിച്ചുപോന്ന ഫക്കീര്‍മാര്‍ 5000 മുതല്‍ 7000 വരെ വരുന്ന വലിയ സംഘങ്ങളായിട്ടാണ്‌ കഴിഞ്ഞത്‌. ഫക്കിര്‍മാരുടെ ആദ്യകാല നേതാവ്‌ മജ്നു ഷാ ആയിരുന്നു.
മജ്നു ഷായുടെ മരണശേഷം ഫക്കിര്‍മാരെ നയിച്ചത്‌ ചിരാഗ്‌ അലി ഷാ ആയിരുന്നു. 1776 ലാണ്‌ ഫക്കിര്‍മാര്‍ കലാപം ആരംഭിച്ചത്‌. ഇംഗ്ലീഷുകാരുടെ ഫാക്ടറികള്‍ ആക്രമിച്ച്‌ ആയുധങ്ങളും പണവും കൊളളയടിച്ച ഫക്കിര്‍മാര്‍ ഗറില്ലാ മാതൃകയിലാണ്‌ ആക്രമണങ്ങള്‍ സംഘടിപ്പിച്ചത്‌. കലാപത്തില്‍ പത്താന്‍മാര്‍, രജപുത്രന്‍മാര്‍, ജോലിയില്ലാതായ സൈനികര്‍ എന്നിവരുടെ പിന്തുണയും ഫക്കിര്‍മാര്‍ക്ക്‌ ലഭിച്ചു. ഫക്കിര്‍ കലാപം വിവിധ സ്ഥലങ്ങളില്‍ നയിച്ച ഹിന്ദുക്കളായിരുന്നു ഭവാനിപഥക്ക്‌, ദേവി ചൗധരാണിഎന്നിവര്‍.

4. നീലംകര്‍ഷകരുടെ സമരം
- 1859-60 ലെ നീലംകര്‍ഷകരുടെ സമരത്തിന്‌ വേദിയായത്‌ ബംഗാളാണ്‌. ബ്രിട്ടീഷ്‌ തോട്ടമുടമകളുടെ നിര്‍ബന്ധത്തിനു വഴങ്ങി നീലം കൃഷിചെയ്യേണ്ടിവന്ന കര്‍ഷകര്‍ക്ക്‌ കടുത്ത നഷ്ടമുണ്ടായി. നാദിയ ജില്ലയിലെ ഗോവിന്ദ്പൂര്‍ ഗ്രാമത്തിലാണ്‌ 1859 ല്‍ നീലംകര്‍ഷകരുടെ കലാപം ആരംഭിച്ചത്‌. ദിഗംബര്‍ ബിശ്വാസ്‌, ബിഷ്ണുചരണ്‍ ബിശ്വാസ്‌ എന്നിവരാണ്‌ നേതൃത്വം നല്‍കിയത്‌. കലാപത്തെ തുടര്‍ന്ന്‌ 1860ല്‍ നീലം
കമ്മീഷനെ നിയമിച്ച്‌ അന്വേഷണം നടത്താന്‍ ബ്രിട്ടിഷുകാര്‍ നിര്‍ബന്ധിതരായി. “നീല്‍ബിദ്രോഹ" എന്ന പേരിലും നീലംകര്‍ഷകരുടെ കലാപം അറിയപ്പെടുന്നു.

5. ഫാഡ്ക്കെയുടെ സമരങ്ങള്‍
- ബ്രിട്ടീഷ്‌ നയങ്ങളുടെ ഫലമായി കര്‍ഷകര്‍ അനുഭവിച്ച യാതനകളില്‍ പ്രതിഷേധിച്ചവരില്‍ പ്രമുഖനായിരുന്നു വാസുദേവ്‌ ബല്‍വന്ത്‌ ഫാഡ്ക്കെ. ബ്രിട്ടീഷുകാർക്കെതിരെ സായുധസമരം ആഹ്വാനം ചെയ്ത 'റാമോഷി' പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു. “ഇന്ത്യന്‍ സായുധ സമരത്തിന്റെ പിതാവ്‌” എന്നദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്‌. വിധ്വംസക പ്രവര്‍ത്തനം ആരോപിച്ച്‌ ബ്രിട്ടീഷുകാര്‍ പിടികൂടിയ ഫാഡ്ക്കെയെ പിന്നീട്‌ ഏദനിലെ ജയിലിലേക്ക്‌ നാടുകടത്തി. ജയിലില്‍ നിരാഹാരസമരം അനുഷ്ഠിച്ചാണ്‌ അദ്ദേഹം അന്തരിച്ചത്‌.

6. ഡെക്കാന്‍ കലാപം
- ഡെക്കാന്‍ മേഖലയിലെ പൂനെ, സത്താറ, നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ 1875 ലാണ്‌ കലാപം ആരംഭിച്ചത്‌. കൊള്ളപ്പലിശക്കാരുടെ പക്കല്‍നിന്നും രേഖകള്‍ തട്ടിയെടുത്ത്‌ നശിപ്പിക്കുക എന്നതായിരുന്നു കലാപത്തിന്റെ മുഖ്യലക്ഷ്യം. കലാപത്തെപ്പറ്റി അന്വേഷിക്കാനായി 1878 ബ്രിട്ടിഷുകാര്‍ ഡെക്കാന്‍ റയറ്റ്‌ കമ്മീഷനെ നിയമിച്ചു.

7. നീല്‍ ദര്‍പ്പണ്‍
- ദീനബന്ധു മിത്ര രചിച്ച നാടകമായ “നീല്‍ ദര്‍പ്പണ്‍” 1860 ല്‍ ധാക്കയിലാണ്‌ പുറത്തിറക്കിയത്‌. ബംഗാളിലെ നീലം കര്‍ഷകരുടെ ദുരിതങ്ങളാണ്‌ ഈ നാടകം
മുന്നോട്ടുവെക്കുന്നത്‌.

8. പാബ്നപ്രസ്ഥാനം
- കിഴക്കന്‍ ബംഗാളില്‍ സെമിന്ദാര്‍മാരുടെ ചൂഷണങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ കര്‍ഷകര്‍ രൂപംനല്‍കിയതാണ്‌ പാബ്ന പ്രസ്ഥാനം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്‌ 1873-76 കാലത്താണ്‌. ഇഷാന്‍ചന്ദ്ര റോയ്‌, ഷംബു പാല്‍, ഖൂഡി മുല്ല എന്നി വരായിരുന്നു പ്രമുഖ നേതാക്കള്‍.


* ഗോത്രവര്‍ഗ കലാപങ്ങള്‍
- നാണ്യവിളകള്‍ കൃഷിചെയ്യാനായി ബ്രിട്ടീഷ്‌ തോട്ടമുടമകള്‍ ഗോത്രഭൂമികള്‍ കയ്യേറി. ഇവിടെനിന്നും പുറത്താക്കപ്പെട്ട ഗോത്രവര്‍ഗക്കാര്‍ കടുത്ത ചൂഷണങ്ങള്‍ക്കിരയായി. ഗോത്രവര്‍ഗങ്ങളുടെ ചില ആചാരങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചതും മിഷനറിമാരുടെ മതപരിവര്‍ത്തനവും കലാപത്തിന്റെ കാരണങ്ങളായിമാറി.

1. സന്താള്‍ ലഹള
- ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയഗോത്രവര്‍ഗ കലാപമാണ്‌ 1855-56 കാലത്തെ സന്താള്‍ലഹള. ബിഹാര്‍-ബംഗാള്‍ മേഖലയിലെ കര്‍ഷകരായ ഗോത്ര വര്‍ഗക്കാരായിരുന്നു സന്താളുകള്‍. ബ്രിട്ടീഷുകാരുടെ ശാശ്വതഭൂനികുതി വ്യവസ്ഥ സന്താള്‍ കര്‍ഷകരുടെ കൃഷിഭൂമി ജമീന്ദാര്‍മാരുടെ കൈകളിലെത്താന്‍ ഇടയാക്കി.
ചൂഷണങ്ങളും പീഡനങ്ങളും അസഹനീയമായതോടെ സന്താള്‍ കര്‍ഷകര്‍ കലാപത്തിനൊരുങ്ങി.1854 ല്‍ ഗോത്രമുഖ്യന്‍മാര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ 6000 ത്തിലേറെപ്പേര്‍ പങ്കെടുത്തു. ബ്രിട്ടീഷുകാരെ തങ്ങളുടെ മേഖലകളില്‍നിന്നും പുറത്താക്കി സത്യയുഗം കൊണ്ടുവരണമെന്ന്‌ തീരുമാനമായി.
സന്താള്‍ സഹോദരന്‍മാരായ സിദ്ദു, കാനു എന്നിവരാണ്‌ കലാപത്തിന്‌ നേതൃത്വം നല്‍കിയത്‌. അറുപതിനായിരത്തോളം സന്താളുകള്‍ കലാപത്തില്‍ പങ്കെടുത്തു. ബ്രിട്ടീഷുകാര്‍ പട്ടാളത്തെ രംഗത്തിറക്കിയാണ്‌ സന്താള്‍ കലാപം അടിച്ചമര്‍ത്തിയത്‌. പതിനഞ്ചായിരത്തിലേറെപ്പേര്‍ സന്താള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. 1856 ല്‍ കലാപം പൂര്‍ണമായും അടിച്ചമര്‍ത്തി.

2. കോള്‍ ലഹള
ഛോട്ടാനാഗ്പൂരിലെ ഗോത്രവര്‍ഗക്കാരായ കോളുകള്‍ 1831 ലാണ്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപംആരംഭിച്ചത്‌. തങ്ങളുടെ ഗോത്രമുഖ്യന്‍മാരുടെ കീഴില്‍ സ്വയംഭരണം അനുഭവിച്ചുവന്ന കോള്‍ ഗോത്രത്തിന്‌ ബ്രിട്ടീഷുകാരുടെ വരവ്‌ ഭീഷണിയായി. കൂടാതെ ഗോത്രവര്‍ഗമേഖലകള്‍ ബ്രിട്ടീഷുകാര്‍ക്ക്‌ നല്‍കിയ പ്രാദേശിക ഭരണാധികാരികളുടെ നടപടിയും അവസ്ഥ കൂടുതല്‍ വഷളാക്കി. ഉദ്യോഗസ്ഥര്‍, പലിശക്കാര്‍ എന്നിവരായിരുന്നു കലാപകാരികളുടെ മുഖ്യലക്ഷ്യങ്ങള്‍. റാഞ്ചി, ഹസാരിബാഗ്‌, പലമാവു പ്രദേശങ്ങളായിരുന്നു കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍.
ബുദ്ധു ഭഗത്ത്‌, ജോവ ഭഗത്ത്‌, മദാര മഹതോ എന്നിവരായിരുന്നു കോള്‍ ലഹളയിലെ നേതാക്കള്‍.

2. ഭീലുകളുടെ കലാപം
- മഹാരാഷ്ട്രയിലെ ഖണ്ഡേഷ്‌ മേഖലയിലെ ഭീല്‍ ഗോത്രക്കാര്‍ 1817-19 കാലത്ത്‌ സേവാറാമിന്റെ നേതൃത്വത്തില്‍ കലാപം നടത്തി. തങ്ങളുടെ പ്രദേശങ്ങളിലേക്കുള്ള ബ്രിട്ടീഷുകാരുടെ കടന്നുകയറ്റമാണ്‌ ഭീല്‍കലാപത്തിലേക്ക്‌ നയിച്ചത്‌.

3. ചുവാര്‍ ലഹള
- ബംഗാളിലെ മിഡ്നാപ്പൂര്‍ മേഖലയിലെ ചുവാര്‍ ഗോത്രക്കാര്‍ 1766 ല്‍ നടത്തിയ കലാപത്തിന്‌ ക്ഷാമം, വര്‍ധിപ്പിച്ച ഭൂനികുതി തുടങ്ങിയവയായിരുന്നു കാരണങ്ങൾ.

4. അഹോം സമരം
- 1828-ല്‍ അസമിലാണ്‌ അഹോം ലഹള നടന്നത്‌. അസം മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ബ്രിട്ടീഷ്‌ ശ്രമങ്ങളാണ്‌ ലഹളയിലേക്ക്‌ നയിച്ചത്‌. ഗോംധര്‍ കോണ്‍വറാണ്‌ അഹോം ലഹള നയിച്ചത്‌.

5. കുറിച്യ കലാപം
വയനാട്ടിലെ കുറിച്യര്‍ 1812 മാര്‍ച്ചിലാണ്‌ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയത്‌. രാമനമ്പിയാണ്‌ കലാപം നയിച്ചത്‌. മലബാര്‍ കളക്ടറായിരുന്ന തോമസ്‌ വാര്‍ഡന്‍ ഭൂനികുതി അന്യായമായിവര്‍ധിപ്പിച്ചതും നികുതി പണമായി നല്‍കണമെന്ന്‌ വ്യവസ്ഥ ചെയ്തതുമാണ്‌ കലാപത്തിന്‌ കാരണമായത്‌. ഭൂനികുതി
അന്നേവരെ സാധനങ്ങളായാണ്‌ കുറിച്യര്‍ നല്‍കിപ്പോന്നിരുന്നത്‌. 1812 മെയ്‌ മാസത്തോടെ ബ്രിട്ടീഷുകാര്‍ കലാപം അടിച്ചമര്‍ത്തി.

* പോളിഗാര്‍ കലാപങ്ങള്‍
- ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയവ്യവസ്ഥയാണ്‌ “പോളിഗാരിസമ്പ്രദായം'. നാട്ടുരാജാക്കന്‍മാരുടെ കീഴിലുള്ള ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ ആയിരുന്നു പോളിഗാര്‍മാര്‍'. രാജാവിനെയും ജനങ്ങളെയും ബന്ധിപ്പിച്ചിരുന്ന കണ്ണികളായിരുന്നു പോളിഗാര്‍മാര്‍. ദക്ഷിണേന്ത്യയിലെ നാട്ടുരാജാക്കന്‍മാര്‍ ബ്രിട്ടിഷുകാര്‍ക്ക്‌ കീഴടങ്ങിയപ്പോള്‍ രാജ്യസ്നേഹികളായ പോളിഗാര്‍മാര്‍ അതിനു തയ്യാറായില്ല. ജനകീയപിന്തുണയോടെ ബ്രിട്ടിഷുകാരുമായി ഏറ്റുമുട്ടാന്‍ ചില പോളിഗാര്‍മാര്‍ തീരുമാനിച്ചു. വീരപാണ്ഡ്യ കട്ടബൊമ്മന്‍, മരുതുപാണ്ഡ്യന്‍ എന്നിവരാണ്‌ പോളിഗാര്‍കലാപങ്ങള്‍ക്ക്‌ നേതൃത്വംനല്‍കിയത്‌.

1. കട്ടബൊമ്മനും മരുതുപാണ്ഡ്യനും 
- പാഞ്ചാലംകുറിച്ചിയിലെ പോളിഗാര്‍ ആയിരുന്ന വീരപാണ്ഡ്യ കട്ടബൊമ്മനും ഇംഗ്ലീഷുകാരുമായുള്ള പോരാട്ടം നടന്നത്‌ 1792-99 കാലത്താണ്‌. ബ്രിട്ടീഷുകാരുടെ അന്യായമായ നികുതികളും രാംനാട്‌ കളക്ടര്‍ ജാക്സന്റെ മോശം പെരുമാറ്റവുമാണ്‌ കട്ടബൊമ്മന്റെ കലാപത്തിന്‌ കാരണമായത്‌. 1794-ല്‍ നാലാം മൈസൂര്‍യുദ്ധം നടക്കുമ്പോള്‍ ബ്രിട്ടീഷ്ഭരണത്തെ തൂത്തെറിയാന്‍ പോളിഗാര്‍മാര്‍ ചേര്‍ന്ന്‌ പദ്ധതി തയ്യാറാക്കി. ശിവഗംഗയിലെ പോളിഗാര്‍ മരുതു പാണ്ഡ്യനും കട്ടബൊമ്മനുമായി ഈ സമയത്ത്‌ സൗഹൃദത്തിലായി. എന്നാല്‍ കട്ടബൊമ്മനെ ചതിവില്‍ പിടികൂടിയ ബ്രിട്ടീഷുകാര്‍ 1799 ഒക്ടോബര്‍ 17-ന്‌ വലിയൊരു ജനാവലിയുടെ മുന്നില്‍ തൂക്കിലേറ്റി.
1801 ഒക്ടോബറില്‍ മരുതുപാണ്ഡ്യനെയും പിടികൂടി ഇംഗ്ലീഷുകാര്‍ വിചാരണചെയ്ത്‌ വധിച്ചു.

2. കിട്ടൂര്‍ ചന്നമ്മ
- രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വനിതകളില്‍ ശ്രദ്ധേയയാണ്‌ കിട്ടൂര്‍ ചന്നമ്മ. കര്‍ണാടകത്തിലെ കിട്ടൂരിലെ ഭരണാധികാരി ശിവലിംഗരുദ്ര ദേശായിയുടെ പത്നിയായിരുന്ന ചന്നമ്മ. 1824-ല്‍ ശിവലിംഗരുദ്ര മരിച്ചതിനെത്തുടര്‍ന്ന്‌ ചന്നമ്മ രാജാവിന്റെ പിന്‍ഗാമിയായി ഒരു പുത്രനെ ദത്തെടുത്തെങ്കിലും ബ്രിട്ടീഷുകാര്‍ അംഗീകരിച്ചില്ല. കിട്ടൂര്‍ പിടിച്ചെടുക്കാന്‍ എത്തിയ ബ്രിട്ടീഷുകാരെ പ്രദേശികമുഖ്യനായ
രായപ്പയുടെ സഹായത്തോടെ ചന്നമ്മ നേരിട്ടു. ബ്രിട്ടിഷുകാരും ചന്നമ്മയുമായുള്ള പോരാട്ടം ഏതാനും വര്‍ഷങ്ങള്‍ നീണ്ടു. 1829-ല്‍ ഇംഗ്ലീഷുകാര്‍ രായപ്പയെ പിടികൂടി വധിക്കുകയും ചന്നമ്മയെ തടവിലാക്കുകയും ചെയ്തു. ജയിലിൽവെച്ച്‌ അവര്‍ അന്തരിച്ചു.

* ശിപായി ലഹളകള്‍
ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യന്‍ പടയാളികളെ “ശിപായിമാര്‍'എന്നാണ്‌ വിളിച്ചിരുന്നത്‌. കമ്പനിഭരണത്തിന്റെ ചരിത്രത്തില്‍ പലപ്പോഴും ശിപായിമാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപങ്ങള്‍ നടത്തിയിട്ടുണ്ട്‌. ശിപായിമാരുടെ ജാതി-മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന നിയമങ്ങളും താഴ്ന്ന ശമ്പളവും മോശം പെരുമാറ്റവുമാണ്‌ ഇവരുടെ കലാപങ്ങള്‍ക്ക്‌ കാരണമായിമാറിയിട്ടുള്ളത്‌.
ഇംഗ്ലീഷുകാര്‍ക്കെതിരെ ശിപായിമാര്‍ നടത്തിയ വലിയതോതിലുള്ള ആദ്യകലാപമാണ്‌ 1806 ജൂലായ്‌ 10ലെ വെല്ലൂര്‍ ലഹള. പട്ടാള യൂണിഫോമില്‍ വരുത്തിയ മാറ്റങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളായിരുന്നു കലാപത്തിലേക്ക്‌ നയിച്ചത്‌. കേവലം ഒരുദിവസം മാത്രമാണ്‌ കലാപം നീണ്ടുനിന്നത്‌.
മറ്റൊരു പ്രധാനപ്പെട്ട ശിപായിലഹളയായിരുന്നു 1824-ലെ ബാരക്ക്പുര്‍ ലഹള. ഉന്നതജാതികളില്‍പെട്ട ശിപായിമാര്‍ കടല്‍ കടന്ന്‌ സേവനമനുഷ്ഠിക്കാന്‍ വിസമ്മതിച്ചതാണ്‌ കലാപകാരണം. ബാരക്ക്പുരിലെ 47-ാം കാലാള്‍പ്പട യൂണിറ്റിലാണ്‌ കലാപമുണ്ടായത്‌.
1825-ല്‍ അസമിലെയും 1838-ല്‍ ഷോലാപുരിലെയും ശിപായിമാര്‍ ലഹള നടത്തി. 1844-ല്‍ പ്രതിഫലം ലഭിക്കാതെ സിന്ധിലേക്ക്‌ നീങ്ങില്ലെന്നു പ്രഖ്യാപിച്ച്‌ 34-ാം തദ്ദേശീയ കലാള്‍പ്പടയും 64-ാം റെജിമെന്റും സംയുക്തമായി ലഹള നടത്തി. ഗോവിന്ദനഗറിലെ റെജിമെന്റില്‍ 1850-ല്‍ കലാപമുണ്ടായി. 1857 ലെ കലാപത്തിലും ശിപായിമാര്‍ മുഖ്യ പങ്കുവഹിച്ചു.


* മറ്റു കലാപങ്ങൾ
- രാഷ്ട്രീയവും സാമൂഹ്യവും മതപരവുമായ കാരണങ്ങളാലും ബ്രിട്ടിഷുകാര്‍ക്കെതിരെ കലാപങ്ങള്‍ഉണ്ടായിട്ടുണ്ട്‌.

1. അഞ്ചുതെങ്ങ്‌ കലാപം
- 1697-ലാണ്‌ അഞ്ചുതെങ്ങ്‌ കലാപം നടന്നത്‌. ആറ്റിങ്ങല്‍ റാണിയില്‍നിന്ന്‌ അഞ്ചുതെങ്ങ്‌ ലഭിച്ച ഇംഗ്ലീഷുകാര്‍ അവിടെ കോട്ട നിര്‍മിച്ചു. ബ്രിട്ടിഷുകാര്‍ക്കെതിരെ പ്രകോപിതരായ സ്ഥലവാസികള്‍ അവരുടെഫാക്ടറി ആക്രമിച്ചു.

2. ആറ്റിങ്ങല്‍ കലാപം
- ബ്രിട്ടീഷ്‌ അധികാരത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമാണ്‌ 1721-ലെ ആറ്റിങ്ങല്‍ കലാപം. ആറ്റിങ്ങല്‍ റാണിക്ക്‌ നല്‍കാന്‍
സമ്മാനങ്ങളുമായി പോവുകയായിരുന്ന 140-ഓളം ഇംഗ്ലീഷുകാരെ നാട്ടുകാര്‍ ആക്രമിച്ച്‌ വധിച്ചു.

3. കുക്ക ലഹള
- മതപരമായ കാരണങ്ങളാല്‍ നടന്ന 1871-ലെ കുക്ക ലഹളയുടെ കേന്ദ്രം പഞ്ചാബ്‌ ആയിരുന്നു. ബാബാ രാംസിങ്ങായിരുന്നു കുക്ക പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍.

4. ഉപ്പുലഹള
- ബ്രിട്ടീഷുകാര്‍ക്കെതിരെ 1844-ല്‍ സൂററ്റിലാണ്‌ ഉപ്പുലഹള നടന്നത്‌. ഉപ്പുനികുതി ബ്രിട്ടീഷുകാര്‍ 50 പൈസയില്‍നിന്ന്‌ ഒരുരൂപയായി വര്‍ധിപ്പിച്ചതാണ്‌ ലഹളയ്ക്ക്‌ കാരണമായത്‌.

* കലാപങ്ങളിലേക്ക്‌ നയിച്ച ബ്രിട്ടീഷ്‌ നയങ്ങള്‍
- ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നിരവധി നിയമങ്ങളും, അവരുടെ തെറ്റായ നയങ്ങളുമാണ് ഈ കലാപങ്ങൾക്ക് കാരണമായത്.

1. ശാശ്വത ഭൂനികുതിവ്യവസ്ഥ
- ജമീന്ദാരി' എന്നും അറിയപ്പെട്ട ശാശ്വത ഭൂനികുതി വ്യവസ്ഥ രൂപവത്കരിച്ചത്‌ ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസ്‌ ആണ്‌. ബംഗാള്‍, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളിലാണ്‌ ഇത്‌ നടപ്പാക്കിയത്‌. ഇതിലൂടെ ജമീന്ദാര്‍മാരും കരംപിരിവുകാരും ഭൂവുടമകളായിമാറി. അവര്‍ നികുതിപിരിച്ചുകൊണ്ടിരുന്ന പ്രദേശങ്ങളിലെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥരായിപ്രഖ്യാപിക്കപ്പെട്ടു. മുന്‍പ്‌ ഭൂമിയില്‍ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന കൃഷിക്കാര്‍ കുടിയാന്മാര്‍ മാത്രമായിമാറി.

2. റയറ്റുവാരി
- സര്‍ തോമസ്‌ മണ്‍റോ മദ്രാസ്‌ ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ 1820-ല്‍ നടപ്പാക്കിയതാണ്‌ റയറ്റുവാരി വ്യവസ്ഥ. പിന്നീട്‌ ബോംബെ ഉള്‍പ്പെടുന്ന പശ്ചിമേന്ത്യയിലേക്കും ഇത്‌ വ്യാപിപ്പിച്ചു. ഈ ഭൂനികുതിവ്യവസ്ഥ കര്‍ഷകരെ പണിയെടുത്തിരുന്ന നിലത്തിന്റെ ഉടമകളാക്കി മാറ്റി. കർഷകനിൽനിന്ന്‌ നികുതി പിരിച്ചിരുന്നത്‌ റവന്യൂ ഉദ്യോഗസ്ഥനായിരുന്നു. നികുതി നല്‍കുന്നിടത്തോളം കര്‍ഷകനെ ഭൂമിയില്‍നിന്ന്‌ ഒഴിപ്പിക്കില്ല എന്ന വ്യവസ്ഥ ഉണ്ടായിരുന്നു.

3. മഹല്‍വാരി
- മാല്‍ഗുസാരിവ്യവസ്ഥ, കൂട്ടുഗ്രാമ വ്യവസ്ഥ എന്നിങ്ങനെയും അറിയപ്പെടുന്ന മഹല്‍വാരി ഭൂനികുതിരീതി 1830-കളിലാണ്‌ അവതരിപ്പിച്ചത്‌. വെല്ലസ്സിപ്രഭു ആവിഷ്കരിച്ച മഹല്‍വാരി പഞ്ചാബ്‌, ഗംഗാസമതലം എന്നിവിടങ്ങളിലാണ്‌ നടപ്പാക്കിയത്‌. ജമീന്ദാരിയുടെ പരിഷ്കരിച്ച രൂപമായിരുന്നു മഹല്‍വാരി. ഇതു പ്രകാരം ഗ്രാമങ്ങളിലെയും എസ്റ്റേറ്റുകളിലെയും തലവന്മാരുമായാണ്‌ കമ്പനി നികുതിവ്യവസ്ഥയില്‍ ഏര്‍പ്പെട്ടത്‌. ഇതിലൂടെ കൃഷി ചെയ്തിരുന്ന ഭൂവുടമകള്‍ കുടിയാന്മാരായി മാറി.

4. സൈനികസഹായ വ്യവസ്ഥ
- ഗവര്‍ണര്‍ ജനറല്‍ വെല്ലസ്സിയാണ്‌ (1798-1805) സൈനികസഹായ വ്യവസ്ഥയുടെ ശില്പി. ഇതു പ്രകാരം, ബ്രിട്ടീഷുകാരുമായി സഖ്യത്തില്‍ ഏർപ്പെടുന്ന ഇന്ത്യന്‍ ഭരണാധികാരി തന്റെ രാജ്യാതിര്‍ത്തിക്കുള്ളില്‍ സ്ഥിരമായി ഒരു ബ്രിട്ടീഷ്സൈന്യത്തെ നിലനിര്‍ത്തുകയും അതിന്റെ ചെലവുവഹിക്കുകയുംവേണം. രാജ്യത്ത്‌ ബ്രിട്ടീഷ്‌ പ്രതിനിധിയെ (റെസിഡന്റ്‌) രാജാവ്‌ നിയമിക്കണം. ബ്രിട്ടീഷുകാരുടെ സമ്മതമില്ലാതെ മറ്റൊരു യൂറോപ്യനെയും നിയമിക്കില്ല എന്നും ഗവര്‍ണര്‍ ജനറലിനോട്‌ ആലോചിക്കാതെ മറ്റൊരു ഭരണാധികാരിയുമായി സന്ധിസംഭാഷണത്തില്‍ ഏര്‍പ്പെടുകയില്ലതെന്നും കരാര്‍വ്യവസ്ഥ ഉണ്ടായി. ഇതിനു പകരം സൈനികസഹായ വ്യവസ്ഥയില്‍ ഏര്‍പ്പെടുന്ന നാട്ടുരാജ്യത്തെ ബ്രിട്ടീഷുകാര്‍ സംരക്ഷിക്കും. ബ്രിട്ടീഷുകാരുടെ സൈനികസഹായ വ്യവസ്ഥയില്‍ ചേര്‍ന്ന ആദ്യത്തെ നാട്ടുരാജ്യം ഹൈദരാബാദാണ്‌.

5. ദത്തവകാശ നിരോധന നിയമം
- ഗവര്‍ണര്‍ ജനറല്‍ ഡല്‍ഹൌസിയാണ്‌ (1848-56) ദത്തവകാശ നിരോധന നിയമം നടപ്പാക്കിയത്‌. അനന്തരാവകാശികള്‍ ഇല്ലാത്ത ഒരു നാട്ടുരാജ്യത്തിന്‌ കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം ഇതിലൂടെ നഷ്ടമായി. ഇതുമൂലം അവകാശികള്‍ ഇല്ലാതെവരുന്ന നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ്‌ ഇന്ത്യയോട്‌ കൂട്ടിച്ചേര്‍ത്തു. ദത്തവകാശ നിരോധന നിയമത്തിലൂടെ ബ്രിട്ടിഷുകാര്‍ പിടിച്ചെടുത്ത ആദ്യത്തെ നാട്ടുരാജ്യമാണ്‌ സത്താറ (1848). ജയ്പുര്‍, സാംബല്‍പുര്‍, ഛോട്ടാ ഉദയ്പുര്‍, ഝാന്‍സി, നാഗ്പുര്‍ എന്നിവയും ഈ വ്യവസ്ഥയിലൂടെ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത നാട്ടുരാജ്യങ്ങളാണ്‌.
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here